തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. പ്രഖ്യാപനം വൈകിയത് ആളുകൾക്ക് പ്രയാസമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യാപനം വൈകുന്നത് വിജയത്തിന്റെ ശോഭയെ ബാധിച്ചു എന്നത് യാഥാർഥ്യമാണ്. സർക്കാർ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങുമ്പോൾ അതെല്ലാം മാറും. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്നും സുധീരൻ പറഞ്ഞു.
തീരുമാനം എത്രയും വേഗം ഉണ്ടാകുമെന്നും നല്ല തീരുമാനം വരട്ടെയെന്നും സുധീരൻ പറഞ്ഞു. എല്ലാവരുമായും ആശയവിനിമയം നടത്തി. ഘടകക്ഷികളുടെ പ്രതികരണം അത് സ്വാഭാവികമാണ്.
സദുദ്ദേശത്തോടുകൂടിയുള്ള പ്രതികരണമാണ് നടന്നതെന്ന് അദേഹം വ്യക്തമാക്കി. എത്രയും വേഗം ഒരു സർക്കാർ വരണം, തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കണം എന്നത് എല്ലാവരുടെയും താത്പര്യമാണ്. കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും സുധീരൻ പറഞ്ഞു.